ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അനശ്വരതയിൽ ലയിച്ചു. ഡൽഹി കന്റോണ്മെന്റ് ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളൊടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാഷ്ട്രീയ നേതാക്കളും ഉന്നത സൈനിക ഉദ്യോഗസ്ഥരും മൗനപ്രാർത്ഥന നടത്തിയ ചടങ്ങിൽ 17 ഗൺ സല്യൂട്ടുകളുടെ അകമ്പടിയോടെയായിരുന്നു രാജ്യത്തെ ഏറ്റവും ഉന്നതനായ സൈനികന്റെ മടക്കം.
മരണത്തിലും ഒപ്പമുണ്ടായിരുന്ന ജീവിത സഖി മധുലിക റാവത്തിന്റെ സംസ്കാര ചടങ്ങുകളും ഒരുമിച്ചായിരുന്നു നടന്നത്. മക്കളായ കൃതികയും തരിണിയും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. മൂന്ന് സേനാവിഭാഗങ്ങളും ചേർന്നാണ് സംയുക്ത സേനാപതിക്ക് യാത്രയയപ്പ് നൽകിയത്.
പുഷ്പാലംകൃതമായ പെട്ടിയിൽ ആചാരപ്രകാരം കിടത്തിയിരുന്ന ഭൗതിക ദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയവർ പുഷ്പാർച്ചന നടത്തി. ‘ഭാരത് മാതാ കീ ജയ്… അമർ രഹേ വീർ ജവാൻ‘ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മന്ത്രധ്വനികളായി.
നേരത്തെ ഇരുവരുടെയും ഭൗതിക ശരീരം ഡല്‍ഹിയിലെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയില്‍ എത്തിച്ചപ്പോൾ അന്തിമോപചാരമര്‍പ്പിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യയ, സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, ഹരീഷ് സിംഗ്, മല്ലികാര്‍ജുന ഗാര്‍ഗെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി, ഡല്‍ഹി ലഫ്റ്റനെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഡി എം കെ നേതാക്കളായ എ രാജ, കനിമൊഴി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്, ഫ്രാന്‍സ്, ഇസ്രായേല്‍ നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ വസതിയിലെത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു








