തിരുവനന്തപുരം: സിപിഎമ്മിലെ മുസ്ലീങ്ങളെ എസ്ഡിപിഐക്കാർ ആയി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷങ്ങൾ സി.പി.എമ്മിലേക്ക് എത്തുന്നത് തടയാൻ നടത്തുന്ന ആസൂത്രിതമായ ശ്രമമാണിതെന്നും കോടിയേരി ആരോപിച്ചു. ക്ഷേത്രങ്ങളുമായി ബന്ധപ്പെടുന്ന പാർട്ടി അംഗങ്ങളെ ആർ.എസ്.എസായി ചിത്രീകരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
മുസ്‌ലിങ്ങളെല്ലാം എസ്.ഡി.പി.ഐ.ക്കാരാണെന്ന് ധരിക്കരുത്. എസ്.ഡി.പി.ഐ.ക്കാർ സി.പി.എമ്മിൽ നുഴഞ്ഞുകയറുന്നുവെന്ന പ്രചാരണം തെറ്റാണ്. എറണാകുളം ജില്ലയിലെ ഒരു സഖാവ് ഉന്നയിച്ച ആരോപണം തെറ്റായിപ്പോയെന്ന് അദ്ദേഹംതന്നെ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
ആലപ്പുഴ കൊലപാതകങ്ങളിൽ പോലീസിനോ ഇന്റലിജൻസിനോ വീഴ്ചയില്ല. ആലപ്പുഴയിൽ ആർ.എസ്.എസ്. നേതാവ് കൊല്ലപ്പെട്ടപ്പോൾ ആഹ്ലാദപ്രകടനം നടത്തുമെന്ന് പ്രഖ്യാപിക്കുന്ന എസ്.ഡി.പി.ഐ. നേതാവ് നൽകുന്ന സന്ദേശം താലിബാൻ മാതൃകയിലുള്ളതാണെന്നും കോടിയേരി വ്യക്തമാക്കി.











