ഡൽഹി: മകരസംക്രാന്തി ദിനമായ ജനുവരി 14ന് 75 ലക്ഷം പേർ പങ്കെടുക്കുന്ന ആഗോള സൂര്യനമസ്കാര മഹോത്സവം സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര ആയുഷ് മന്ത്രാലയം. എല്ലാ ജീവജാലങ്ങളെയും നിലനിർത്തുന്ന ഉർജ്ജത്തിന്റെ ആത്യന്തിക സ്രോതസ്സായ സൂര്യന്റെ ഓരോ കിരണങ്ങളോടുമുള്ള ആദരസൂചകമായാണ് സൂര്യനമസ്കാരം സംഘടിപ്പിക്കുന്നത്.
പകർച്ചവ്യാധിയുടെ നാളുകളിൽ പ്രതിരോധ ശേഷിയും ആരോഗ്യവും വർദ്ധിപ്പിക്കാൻ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാർഗമാണ് സൂര്യനമസ്കാരമെന്ന് ആയുഷ് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സൂര്യനിൽ നിന്നും നേരിട്ട് ലഭിക്കുന്ന വൈറ്റമിൻ ഡി രോഗപ്രതിരോധത്തിന് അത്യുത്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും എതിരായ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായിക്കൂടിയാണ് സൂര്യനമസ്കാരം സംഘടിപ്പിക്കുന്നതെന്നും ആയുഷ് മന്ത്രാലയം വ്യക്തമാക്കി.








