പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ മകന് കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദമ്പതികളുടെ ശരീരത്തില്‍ നിരവധി മുറിവുകളാണ് ഉണ്ടായിരുന്നത്. കൊല നടത്തിയ ശേഷം ഇവരുടെ വായിലേക്ക് മകന് സനല്‍ കീടനാശിനി ഒഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകം നടന്ന ദിവസം അമ്മ വെള്ളം ചോദിച്ചതാണ് തര്‍ക്കത്തിന് കാരണം ആയതും, കൊലപാതകത്തിലേക്ക് നയിച്ചതും. അടുക്കളയില്‍ ഇരുന്ന അരിവാളും, കൊടുവാളും ഉപയോഗിച്ച് അമ്മ ദേവിയെ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് സനല്‍ പൊലീസിന് മൊഴി നല്‍കിയട്ടുണ്ട്. 33 വെട്ടുകളാണ് ദേവിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൈകളിലും, മുഖത്തും, കഴുത്തിലും, തലയിലും വെട്ടുകളുണ്ട്. നടുവിന് സുഖമില്ലാത്ത അച്ഛന് ചന്ദ്രന് ഭാര്യയുടെ നിലവിളി കേട്ട് ബഹളം വച്ചതോടെ അയാളെയും കട്ടിലില്‍ ഇട്ട് വെട്ടിക്കൊന്നു. 26 വെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ വായില്‍ കീടനാശിനി ഒഴിച്ചു. കൊലയ്ക്ക് ശേഷം സനല്‍ രക്തം കഴുകി കളയുകയും അമ്മയുടെ മൃതദേഹത്തിനടുത്ത് ഇരുന്ന് ആപ്പിള്‍ കഴിച്ചെന്നും പൊലീസിന് മൊഴി നല്‍കിയട്ടുണ്ട്. കൊല നടത്തിയ ശേഷം ഇയാള്‍ ബെംഗളൂരുവിലേക്കും പിന്നീട് മൈസൂരുവിലേക്കും കടന്നിരുന്നു.
ചോദ്യം ചെയ്യലില്‍ കുറ്റബോധമില്ലാതെയാണ് സനല്‍ പ്രതികരിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് അറിയുന്നത്. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെടുത്തിരുന്നു. സനല്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് പരിശോധിച്ച് വരികയാണ്. സനലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Discussion about this post