കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ സൈന്യം വകവരുത്തി. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മൂന്ന് സൈനികർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ ഭീകരനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത് അയാൾക്ക് അഭയം നൽകിയ നാട്ടുകാരനാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.00 മണിയോടെ കുൽഗാമിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം സുരക്ഷാ സേനക്ക് ലഭിച്ചു. തുടർന്ന് സൈന്യവും പൊലീസും ചേർന്ന് ഒരു സംയുക്ത നീക്കം നടത്തുകയായിരുന്നു. വീടുവീടാന്തരം കയറിയിറങ്ങിയ സുരക്ഷാ സൈനികർ സംശയം തോന്നിയ വീടുകൾ വളഞ്ഞു. 8.45ഓടെ വീടുകളിൽ ഒന്നിൽ നിന്നും എ കെ 47 ഉപയോഗിച്ച് ഭീകരൻ സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഗ്രനേഡും വലിച്ചെറിഞ്ഞു.
തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. ഇയാൾ പാകിസ്ഥാൻ സ്വദേശിയാണ് എന്നാണ് വിവരം.
ഹൈദർപൊര സംഭവത്തിന് സമാനമാണ് ഈ സംഭവമെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ ഇവിടെയും വീട്ടുടമസ്ഥൻ ഭീകരന് അഭയം കൊടുക്കുകയായിരുന്നു. എന്നാൽ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ വീട്ടുടമസ്ഥന്റെ ജീവൻ അപകടത്തിലാക്കി ഭീകരൻ നിറയൊഴിക്കുകയായിരുന്നു.
പാകിസ്ഥാൻ സൈന്യത്തിന്റെ അതേ മനസ്ഥിതിയാണ് പാക് ഭീകരർക്കും. അവരെ സംബന്ധിച്ച് കശ്മീരികളുടെ ജീവന് ഒരു വിലയുമില്ല. ഒരു കശ്മീരി കൊല്ലപ്പെട്ടാൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിലുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്ന ഭീകരർക്ക് അവരുടെ സംഘടനകളിൽ ആദരവും അംഗീകാരവും ലഭിക്കുന്നു. തങ്ങളുടെ രക്ഷകരെയും ശിക്ഷകരെയും തിരിച്ചറിയാൻ ഇനിയെങ്കിലും കശ്മീരി ജനത തയ്യാറാകണമെന്ന് സുരക്ഷാ സൈനികൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
Discussion about this post