ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജന്മവാർഷികത്തിൽ ഇന്ത്യക്ക് ആശംസകൾ അറിയിച്ച് ഡൽഹിയിലെ തായ്വാൻ എംബസി. ഇന്ത്യയുമായി തങ്ങൾക്ക് ഉള്ളത് ചരിത്രപരമായ ബന്ധമാണെന്നും നേതാജിയുമായി ബന്ധപ്പെട്ട എല്ലാ ചരിത്ര രേഖകളും ഇന്ത്യക്ക് കൈമാറാൻ തയ്യാറെന്ന് തായ്‌വാൻ ഇന്ത്യയെ അറിയിച്ചു. തായ്വാനിൽ 1930കളിലും 40കളിലും മികച്ച സ്വാധീനമുള്ള നേതാവായിരുന്നു നേതാജിയെന്നും തായ്വാൻ ഉപസ്ഥാനപതി മുമിൻ ചെൻ അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് ആധിപത്യത്തിൻ കീഴിലായിരുന്നു തായ്വാൻ. അന്ന് ഇന്ത്യൻ നാഷണൽ ആർമിയെ നയിച്ച നേതാജി തായ്വാനുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. അക്കാലത്ത് ചൈനീസ് പ്രസിഡന്റായിരുന്ന ചിയാംഗ് കൈ ഷെക് പോലും തന്റെ ഡയറിയിൽ നേതാജിയെ കുറിച്ച് പരാമർശിച്ചിരുന്നതായി മുമിൻ പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ നേതാജിയുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി രേഖകൾ ഇന്നും തായ്വാനീസ് ആർക്കൈവുകളിൽ ഉണ്ട്. ഇൻഡോ- പസഫിക്കിന്റെ ചരിത്രം പുനരാലേഖനം ചെയ്യാൻ ഈ രേഖകൾക്ക് സാാധിക്കുമെന്നും മുമിൻ ചൂണ്ടിക്കാട്ടി.











