മുംബൈ: ശിവസേന ഭീകരവാദികളായ ഹാഫിസ് സയീദിനെ പോലെയുള്ളവരെയാണ് സഹായിക്കുന്നതെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മി. ഒരു പുസ്തകപ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്തുമ്പോള്‍, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സൗഹൃദം പാടില്ലെന്നും സംഭാഷണങ്ങളേ പാടില്ലെന്നും ശഠിക്കുന്ന ഹാഫിസ് സയീദിനെ പോലെയുള്ളവരെയാണ് ഇത്തരം കാര്യങ്ങള്‍ സന്തോഷിപ്പിക്കുകയെന്നും അവര്‍ പറഞ്ഞു.
പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങിന്റെ സംഘാടകനായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരി മഷി ഒഴിച്ച സംഭവത്തില്‍ താന്‍ അങ്ങേയറ്റം വേദനിക്കുന്നതായി ശബാന പറഞ്ഞു.
പാകിസ്താനിലെ ജനങ്ങളെ നമ്മള്‍ പാകിസ്താന്‍ സര്‍ക്കാരുമായി കൂട്ടിക്കലര്‍ത്തി കാണരുത്. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായവരുടെ ഇടപെടലുകള്‍ വര്‍ധിപ്പിക്കുകയാണു വേണ്ടത്. അത് ഇല്ലാതാക്കാനെ ഇത്തരം പാഴ്ശ്രമങ്ങള്‍കൊണ്ടു സാധിക്കുകയുള്ളൂ- ശബാന പറഞ്ഞു.
ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ താന്‍ ഫോണില്‍ വിളിച്ചതായും ശബാന അറിയിച്ചു. സംവാദങ്ങള്‍ ഒരിക്കലും ഇല്ലാതാകരുത്. ഹിന്ദു, മുസ്ലിം അസഹിഷ്ണുക്കളെ നേരിടേണ്ടത് ഇതേ മതവിഭാഗത്തില്‍പെട്ട ഉല്പതിഷ്ണുക്കളാണ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ശബാനയുടെ പ്രതികരണം.
Discussion about this post