നടിയെ ആക്രമിച്ച് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. രാവിലെ 10.15 നാണ് വിധി പറയുക. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഗൂഡാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് നിരത്തിയിരിക്കെ, കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങും.
ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇരു വിഭാഗവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലേ പ്രോസിക്യൂഷന് കോടതിയില്‍ തെളിവുകള്‍ നിരത്തി രേഖാമൂലം ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്കിയാല് ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് ദിലീപ് സഹോദരന് അനൂപിന് നിര്‍ദ്ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണങ്ങളുടെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരാളെ വധിക്കാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പായി ആളുകളെ വധിക്കണമെന്നും അങ്ങനെയാണെങ്കില്‍ സംശയിക്കില്ലെന്നുമാണ് ദിലീപ് പറഞ്ഞത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
Discussion about this post