കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. യുവതിയുടെ തലയ്ക്ക് പിന്നില്‍ അടിയേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. ദേഹമാസകലം നഖക്ഷതമേറ്റ പാടുകളുമുണ്ട്.
തലശ്ശേരി സ്വദേശിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് (30)നെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പതിവുപരിശോധനയ്‌ക്കെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് വനിതാ വാര്‍ഡിലെ 10-ാം നമ്പര്‍ സെല്ലിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ സഹതടവുകാരിയുമായി കിടക്കാനുള്ള സ്ഥലത്തെച്ചൊല്ലി അടിയുണ്ടായിരുന്നതായി അധികൃതർ പറയുന്നു.
അടിയെ തുടര്‍ന്ന് ഇരുവരെയും സെല്‍മാറ്റി. അടിയുണ്ടാക്കിയ പത്തൊമ്പതു വയസ്സുകാരിയുടെ മൂക്കില്‍നിന്ന് ചോര വന്നപ്പോള്‍ ഡോക്ടറെത്തി അവരെമാത്രമാണ് പരിശോധിച്ചിരുന്നത്. ജിയറാം ജിലോട്ടിനെ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നില്ല.
എന്നാൽ ഡോക്ടർ രാവിലെ പതിവ് പരിശോധനയ്ക്ക് പോയപ്പോള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ശേഷം ഇവർ തലശ്ശേരിയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. സ്വന്തം കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്നതുകണ്ട് പോലീസാണ് കുതിരവട്ടത്ത് എത്തിച്ചത്.
ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു മൃതദേഹം. തലയ്ക്കുപിറകില്‍ അടി കിട്ടിയതിനെത്തുടര്‍ന്ന് വലിയ മുഴയുണ്ടായിട്ടുണ്ട്. മുഖം നീര് വന്ന് വീങ്ങിയിട്ടുമുണ്ട്. കൈയ്യിൽ ചുരുട്ടി പിടിച്ച നിലയിൽ തലമുടിയും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post