അലിഗഢ്: ഹിജാബ്, കാവി തലപ്പാവ് എന്നിവ ധരിച്ച് കോളേജിൽ പ്രവേശിക്കാനാവില്ലെന്ന് വ്യക്തമാക്കി അലിഗഢ് ധർമ്മ സമാജ് കോളേജ്. ഇത് കോളേജിലെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കാട്ടി പ്രിൻസിപ്പൽ സർക്കുലർ പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ എല്ലാവരും നിർബ്ബന്ധമായും യൂണിഫോം ധരിച്ച് കോളേജിൽ എത്തണമെന്നും സർക്കുലറിൽ ആവർത്തിച്ച് വ്യക്തമാക്കി.
കോളേജിന്റെ ഡ്രസ് കോഡ് പിന്തുടരാൻ എല്ലാ വിദ്യാർത്ഥികളും ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന കുട്ടികളുടെ അഡ്മിഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾക്ക് കോളേജ് നിർബ്ബന്ധിതമാകും. കോളേജിലെ ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും കോളേജ് ഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഹിജാബ് ധാരണം കോളേജ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ കാവി ഷാൾ ധരിച്ച് ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോളേജ് അധികൃതർ രംഗത്തെത്തിയത്.







