ഡൽഹി: സാധാരണക്കാരെയും അധികാരത്തിന്റെ കേന്ദ്രബിന്ദുവാക്കുന്ന ഒരേയൊരു പാർട്ടിയെന്ന അവകാശവാദം നിലനിർത്തി ബിജെപി. ശുചീകരണ തൊഴിലാളിയും കൊവിഡ് കാലത്ത് റിക്ഷാ തൊഴിലാളികൾക്ക് പൂരി സബ്ജി വിതരണം ചെയ്ത് ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഗണേശ് ചന്ദ്ര ചൗഹാൻ ഇനി മുതൽ ഉത്തർ പ്രദേശിൽ എം എൽ എയാണ്. 10,553 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
ഏതൊരു സാധാരണക്കാരനും അധികാരത്തിന്റെ കേന്ദ്രബിന്ദുവാകാൻ സാധിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ബിജെപിയും ജനങ്ങളും മുന്നോട്ട് വെക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് വിജയത്തോട് ഗണേശ് ചന്ദ്ര ചൗഹാൻ പ്രതികരിച്ചത്.
അലഹാബാദിലെ ശുചീകരണ തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചിരുന്നു. അദ്ദേഹം അവരുടെ കാൽ കഴുകുകയും അതിലൂടെ മഹത്തായ സന്ദേശം നാടിന് നൽകുകയും ചെയ്തു. സമൂഹത്തിൽ മാലിന്യം നീക്കുന്ന ഞങ്ങൾ ശരിക്കും മഹത്തായ കർമ്മമാണ് ഇതിലൂടെ നിർവ്വഹിക്കുന്നത് എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ചൗഹാൻ പറഞ്ഞു.
എനിക്ക് പാർട്ടി എം എൽ എ സീറ്റ് നൽകിയപ്പോൾ ജനങ്ങളുടെ പ്രതികരണം വൈകാരികമായിരുന്നു. ഫലം വന്ന ദിവസം റിക്ഷാ തൊഴിലാളികൾ വന്ന് എന്നെ എടുത്തുയർത്തി ആനന്ദ നൃത്തം ചവിട്ടി. ചൗഹാൻ ദേശീയ മാധ്യമത്തോട് പറഞ്ഞു.
സന്ത് കബീർ ജില്ലയിലെ ധാംഘട്ട മണ്ഡലത്തിൽ നിന്നും മത്സരിച്ച ഗണേശ് ചന്ദ്ര ചൗഹാന് ലഭിച്ചത് 83,241 വോട്ടുകളാണ്. ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 38.5 ശതമാനമാണ് ഇത്.








