അഹമ്മദാബാദ്: രാജ്കോട്ടില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം തടയുമെന്ന് ഹര്‍ദിക് പട്ടേലിന്റെ ഭീഷണി. പട്ടേല്‍ സമുദായക്കാര്‍ക്ക് മല്‍സരം കാണാനുള്ള ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ദിക് പട്ടേലിന്റെ ഈ നീക്കം.
രാജ്കോട്ട് സ്റ്റേഡിയത്തിലേക്ക് ഇരു ടീമംഗങ്ങളും പ്രവേശിക്കുന്ന വഴി തടയുമെന്നും സ്റ്റേഡിയം മുഴുവന്‍ തന്റെ ആള്ക്കാര് വളയുമെന്നും പട്ടേല്‍ പറഞ്ഞു. എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നു സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് (എസ്.സി.എ) കള്ളം പറഞ്ഞതെന്തിനാണെന്നു വ്യക്തമാക്കണം. ഇനിയും ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിട്ടില്ല എന്നതാണ് സത്യം. മല്‍സരം നടക്കുന്ന സ്റ്റേഡിയത്തെ പ്രക്ഷോഭ വേദിയാക്കി മാറ്റരുതെന്നാണ് ബി.ജെ.പി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവര്‍ തന്നെ ക്രിക്കറ്റ് മല്‍സരത്തിലും രാഷ്ട്രീയം കളിക്കുകയാണെന്നും ഹര്‍ദിക് പറഞ്ഞു.
ടിക്കറ്റുകള്‍ വിറ്റതിന്റെ മുഴുവന്‍ വിവരങ്ങളും എസ്.സി.എ പുറത്തുവിടണം. എസ്.സി.എ മുഴുവന്‍ ടിക്കറ്റുകളും ബിജെപിക്കാര്‍ക്ക് നല്‍കിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഹര്‍ദിക് അഭിപ്രായപ്പെട്ടു. ഹര്‍ദിക്കിന്റെ ഭീഷണിയെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ പേരെ സ്ഥലത്ത് വിന്യസിച്ചു. 90 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും പൊലീസ് പറഞ്ഞു.
Discussion about this post