മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് കോടതി സമൻസ് അയച്ചു. മാധ്യമപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. സൽമാനെ കൂടാതെ അംഗരക്ഷകൻ നവാസ് ഷെയ്ഖിനും മുംബൈയിലെ കോടതി സമൻസ് അയച്ചിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ. ആർ ഖാൻ ആണ് നടനെതിരെ സമൻസ് പുറപ്പെടുവിച്ചത്.
മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെയാണ് നടൻ തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് കോടതിയെ സമീപിച്ചത്. മുംബൈ നഗരത്തിൽ സൈക്കിളിൽ സഞ്ചരിക്കവെ ചില മാധ്യമ പ്രവർത്തകർ സൽമാൻ ഖാന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചിരുന്നു. ഇതിനെ എതിർത്ത നടൻ തന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തുവെന്ന് മാധ്യമപ്രവർത്തകനായ പാണ്ഡെ ആരോപിച്ചു.
അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ ലോക്കൽ പൊലീസിനോട് നിർദേശിച്ചിരുന്നു. തുടർന്നാണ് സമൻസ് അയച്ചത്.
Discussion about this post