ലക്നൗ: ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി ഉപയോഗിച്ചത് അറബി വാക്കുകള്‍ അടങ്ങിയ കോഡ് ഭാഷയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഐഎസ് ക്യാമ്പിലെ ഒരു യുവതിയുമായി അഹമ്മദ് മുര്‍താസ അബ്ബാസി ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇ-മെയില്‍ വഴിയാണ് ഇയാള്‍ യുവതിയുമായി ബന്ധപ്പെട്ടത്. യുവതി പറഞ്ഞ അക്കൗണ്ടിലേക്ക് മുര്‍താസ പലതവണ പണം അയച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
മുര്‍താസ ഐഎസില്‍ ചേരാന്‍ തയ്യാറെടുക്കുകയും, ഇതിനായി ഇയാള്‍ ഐഎസ് അംഗമായ യുവതിയുമായി ഇ മെയിലുകള്‍ വഴി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. മാത്രമല്ല, യുവതി തന്റെ ഫോട്ടോ ഇയാള്‍ക്ക് അയച്ചുകൊടുക്കുകയും ഇന്ത്യയില്‍ വരുമ്പോള്‍ കാണാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി മെയില്‍ സന്ദേശത്തില്‍ ഉണ്ട്. യുവതി ആവശ്യപ്പെട്ടതനുസരിച്ച് 40,000 രൂപ അയച്ചുകൊടുക്കുകയും ചെയ്തതായി മുര്‍താസ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
2017 മുതല്‍ ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് പഠിക്കാന്‍ തുടങ്ങിയതായി മുര്‍താസ വെളിപ്പെടുത്തി. ഈ സമയത്തായിരുന്നു ഐഎസിലേയ്ക്ക് ചേക്കേറണമെന്ന് ആശയം ഉദിച്ചതെന്ന് പറയുന്നു. പറുദീസയിലേയ്ക്ക് പോകാനാണ് ഐഎസിലേയ്ക്ക് പോകണമെന്ന് ആഗ്രഹിച്ചതെന്നും മുര്‍താസ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
2020 ജനുവരി മുതല്‍, മുര്‍താസ ഹൈടെക് കമ്പ്യൂട്ടര്‍ കോഡിംഗ് പഠിക്കാന്‍ തുടങ്ങി. ഇക്കാലയളവില്‍ വീണ്ടും സിറിയന്‍ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടു. അവരുടെ ആശയങ്ങളില്‍ ആകൃഷ്ടനായ മുര്‍താസ നേപ്പാളി അക്കൗണ്ടുകളില്‍ നിന്ന് എട്ട് ലക്ഷം രൂപ അയച്ചു നല്‍കിയതായും പറയുന്നു. നിരവധി അക്കൗണ്ടുകളിലേക്ക് മുര്‍താസ പണം അയച്ചിട്ടുണ്ട്. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ, ഇയാളുടെ സ്വത്തുവിവരങ്ങളും എടിഎസ് ശേഖരിക്കുന്നുണ്ട്. ഇയാളുടെ അക്കൗണ്ടിലേയ്ക്ക് പണം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കും.
Discussion about this post