വാഷിംഗ്ടൺ: റഷ്യയുമായി ഇന്ത്യക്കുള്ള ദീർഘകാല പ്രതിരോധ ബന്ധം യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ അമേരിക്കക്ക് സാധിക്കുന്നുവെന്ന് അമേരിക്കൻ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഉന്നത ഉപദേശകൻ ഡെറിക് ഷോലറ്റ്. പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി അമേരിക്കക്ക് കാര്യമായ സഹകരണം ഇല്ലാതിരുന്ന നാളുകളിലേ തുടരുന്ന ബന്ധമാണ് ഇതെന്നും ഷോലറ്റ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യക്ക് പിന്തുണയായി എന്നും അമേരിക്ക ഉണ്ടാകുമെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ആഗോള തലത്തിൽ തന്നെ വാൻ പ്രാധാന്യം ഉള്ളതാണെന്നും ഷോലറ്റ് പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വലിയ തോതിൽ മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 2+2 സംഭാഷണങ്ങൾ തീർത്തും ഫലപ്രദമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രിയാത്മകമായി വളരുകയാണ്. പ്രത്യേകിച്ച് പ്രതിരോധ സഹകരണം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.







