തിരുവനന്തപുരം: നിലവിലെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ ( വിശദ പദ്ധതി രേഖ) മാറ്റി പുതിയ ഡി പി ആര്‍ ഉണ്ടാക്കുകയാണ് എങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി ജെ പി നേതാവും മെട്രോമാനുമായ ഇ ശ്രീധരന്‍. നിലവിലെ പദ്ധതി അനുസരിച്ച് റെയില്‍വേ ബോര്‍ഡിന്റെ അനുമതി കിട്ടാന്‍ പ്രയാസമാണ് എന്നും ഡി പി ആറില്‍ പല അബദ്ധങ്ങളുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതൊക്കെ തിരുത്താതെ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍ പോകുന്നില്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന പാനല്‍ ചര്‍ച്ച നേരത്തെ തന്നെ നടത്തേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വെ പ്രവൃത്തികള്‍ തുടങ്ങിയതിന് ശേഷമല്ലായിരുന്നു ചര്‍ച്ച നടത്തേണ്ടത്. നിലവില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി കിട്ടുമോ എന്ന കാര്യം തന്നെ സംശയമാണ് എന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പ്രോജക്‌ട് സമര്‍പ്പിച്ച് റെയില്‍വേ ബോര്‍ഡിന്റെ സമ്മതം വാങ്ങട്ടെ. റെയില്‍വേ ബോര്‍ഡ് എന്നെ വിളിച്ച് അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കുകയുള്ളൂ, ഇ ശ്രീധരന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് പാനല്‍ ചര്‍ച്ചയാണെന്നും അതില്‍ പങ്കെടുത്താലും ഇല്ലെങ്കിലും ഒരു മാറ്റവും വരാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതില്‍ തന്നെ വിളിച്ചാലും പോകില്ലായിരുന്നു. പാനല്‍ ചര്‍ച്ച കൊണ്ട് എന്താണ് ഗുണമുള്ളതെന്നും ശ്രീധരന്‍ ചോദിച്ചു. സര്‍ക്കാരിന് ഒരു അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും വന്നേനെ. ഇപ്പോള്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയുള്ള സ്ഥിതിക്ക് പാനല്‍ ചര്‍ച്ചയില്‍ താന്‍ പോകേണ്ട ആവശ്യമുള്ളതായി തോന്നുന്നില്ല. സര്‍ക്കാരിന് തന്റെ കഴിവ് അറിയാമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മൂന്ന് പ്രാവശ്യം കത്തുകളിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ടും തമ്മില്‍ രാവും പകലും പോലുള്ള വ്യത്യാസമുണ്ട്. ആ പ്രോജക്ടിന് ഭൂമി ഏറ്റെടുക്കല്‍ വളരെ കുറവാണ്. പ്രോജക്ടിന്റെ എസ്റ്റിമേറ്റും സാങ്കേതിക വിവരങ്ങളും കൃത്യമായിരുന്നു. എന്നാല്‍ ഈ പ്രോജക്‌ട് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സില്‍വര്‍ ലൈന്‍ ഡി പി ആര്‍ ഉണ്ടാക്കാനും തന്റെ അഭിപ്രായങ്ങളും അറിയാന്‍ സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ ആ ക്ഷണം തീര്‍ച്ചയായും സ്വീകരിക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
Discussion about this post