ലഖ്നൗ: സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും തന്നെ നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി ഉത്തര്‍പ്രദേശ് ആഭ്യന്തരവകുപ്പ്. ഇതിനൊപ്പം തന്നെ അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികളും നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല വഹിക്കുന്നത്.
ഇത്തരത്തിലുള്ള എല്ലാ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെയും കണക്ക് ഈ മാസം 30 നകം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലകളിലെയും ഡിവിഷണല്‍ കമ്മീഷണര്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
മതനേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുക. സര്‍ക്കാര്‍ അനുവാദത്തോടെ മാത്രമേ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളു എന്നും, നിര്‍ദേശിച്ചിരിക്കുന്ന പരിധിക്കപ്പുറമുള്ള ശബ്ദം പാടില്ലെന്നും കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
Discussion about this post