ഡൽഹി: രാജ്യം കൊവിഡ് നാലാം തരംഗ ഭീഷണിയുടെ നിഴലിൽ നിൽക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ രംഗത്തെ മുൻകരുതലുകൾ, വാക്‌സിന്‍ വിതരണത്തിന്റെ നിലവിലെ സ്ഥിതി എന്നിവ പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തും.
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മാസ്ക് വീണ്ടും നിർബ്ബന്ധമാക്കിയിട്ടുണ്ട്. സാമൂഹ്യ അകലപാലനം ഉൾപ്പെടെ ഉള്ളവ വീണ്ടും കർശനമാക്കിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,483 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.










