ഡല്‍ഹി: പുതിയ കരസേനാ ഉപമേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബഗ്ഗവല്ലി സോമശേഖര്‍ രാജു മേയ് ഒന്നിന് ചുമതലയേല്‍ക്കും. ഇപ്പോള്‍ മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറലാണ്. നിലവിലെ കരസേനാ മേധാവിയായ ജനറല്‍ എം.എം നരവനെ വിരമിക്കുന്നതിനാല്‍ ഉപമേധാവിയായ ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ന് ആ സ്ഥാനമേല്‍ക്കും. ഈ സാഹചര്യത്തിലാണ് ലഫ്റ്റനന്റ് ജനറല്‍ ബി.എസ് രാജു ഉപമേധാവിയാകുന്നത്.
ആന്ധ്ര സ്വദേശിയാണ്. കരസേനയുടെ ഏഴ് കമാന്‍ഡുകളില്‍ ഒന്നിന്റെ തലപ്പത്തെത്തുകയോ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫിസര്‍ ആവുകയോ ചെയ്യാതെ ഉദ്യോഗസ്ഥന് കരസേനാ ഉപമേധാവിയാകുന്നത് അപൂര്‍വമാണ്. കര്‍ണാടകയിലെ ബീജാപൂര്‍ ദേശീയ സൈനിക സ്കൂളിലെയും നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെയും പൂര്‍വ വിദ്യാര്‍ഥിയാണ്. 1984 ഡിസംബര്‍ 15 ന് ജാട്ട് റെജിമെന്റിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
38 വര്‍ഷത്തെ സര്‍വീസിനിടെ നിരവധി പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ബി.എസ് രാജു, നിയന്ത്രണ മേഖലയിലെ ഉറി ബ്രിഗേഡ്, കാശ്മീരിലെ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഫോഴ്സ് എന്നിവയുടെ കമാന്‍ഡറായിരുന്നു. ഭൂട്ടാനിലെ ഇന്ത്യന്‍ സൈനിക പരിശീലന സംഘത്തിന്റെ കമാന്‍ഡറുമായിരുന്നു ഇദ്ദേഹം. 2021 മാര്‍ച്ച് വരെ ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്സിന്റെ തലവനായിരുന്നു. ഹെലികോപ്ടര്‍ പൈലറ്റ് കൂടിയായ അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ ദൗത്യത്തിന്റെ ഭാഗമായി സൊമാലിയയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ റോയല്‍ കോളജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസില്‍ നിന്ന് എന്‍.ഡി.സി പൂര്‍ത്തിയാക്കി. അമേരിക്കയിലെ നേവല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കൂളില്‍ നിന്ന് തീവ്രവാദ വിരുദ്ധ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടി. യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
Discussion about this post