ഡല്‍ഹി: രാജ്യത്തെ ഹോട്ടലുകളും റെസ്റ്ററന്റുകളും ഉപയോക്താക്കളില്‍നിന്ന് അധിക സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍വീസ് ചാര്‍ജുകള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കി.
സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത് ഉടന്‍ അവസാനിപ്പിക്കാന്‍ നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സാന്നിധ്യത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത് കുമാര്‍ സിംഗ്. സേവന നിരക്ക് നല്കാന് റെസ്റ്ററന്റുകള്‍ക്ക് ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സര്‍വീസ് ചാര്‍ജിനെ കുറിച്ചുള്ള വിവരങ്ങള്‍ റസ്റ്ററന്റുകള്‍ മെനു കാര്‍ഡുകളില്‍ നല്‍കാറുണ്ടെന്നും ഇത് മനസിലാക്കിയാണ് ഉപഭോക്താക്കള്‍ ഹോട്ടലുകളില്‍ കയറാറുളളത് എന്നുമായിരുന്നു റസ്റ്ററന്റ് സംഘടനകളുടെ പ്രതികരണം. ഉപഭോക്തൃകാര്യ വകുപ്പ് 2017ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സേവന നിരക്ക് നല്കാന് ഉപഭോക്താവിനെ നിര്‍ബന്ധിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഒരു ഉപഭോക്താവ് റെസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നത് സേവന നിരക്ക് നല്‍കാനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്നും ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ട്.
Discussion about this post