ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിനിടെ നടന്ന കുട്ടിയുടെ പ്രകോപന മുദ്രാവാക്യക്കേസിലാണ് നടപടി.
ആലപ്പുഴ സൗത്ത് പൊലീസ് ഉച്ചയ്ക്ക് കാഞ്ഞിരമറ്റത്തെത്തിയാണ് നാസറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടി. നേരത്തെ, ഇതേ കേസില്‍ സംസ്ഥാന സമിതിയംഗം യഹ്‌യ തങ്ങളെ അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാന്‍ഡിലാകുകയും ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ പ്രകോപന മുദ്രാവാക്യക്കേസില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതി അടക്കമുള്ളര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. പ്രകോപന മുദ്രാവാക്യം വിളിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 25ഓളം പ്രവര്‍ത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രണ്ടുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Discussion about this post