കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെയാണ് സരിത ഹൈക്കോടതിയിലെത്തിയത്. തന്നെ സംബന്ധിച്ച ചില പരാമർശങ്ങൾ മൊഴിയിൽ ഉള്ളതിനാൽ പകർപ്പ് വേണമെന്നാണ് ആവശ്യം.
രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്ന് കോടതി ചോദിച്ചു. വിഷയത്തില്‍ കോടതി എതിർകക്ഷികളുടെ നിലപാട് തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാൻ സ്വപ്ന സുരേഷും പി സി ജോർജും ശ്രമിച്ചുവെന്ന കേസില്‍ സരിത നൽകിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയാണ് പ്രത്യേക സംഘം എസ്പി മധുസൂദനന് കോടതി നൽകിയത്.
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമീപിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിതയെ കൊണ്ട് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയിൽ പറയുന്ന മറ്റ് ചില കാര്യങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നിലവിലെ കേസുമായി ബന്ധമില്ലാത്ത പുതിയ വെളിപ്പെടുത്തലുകൾ മൊഴിയിലുണ്ടെങ്കിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും.
Discussion about this post