ഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി നേട്ടം കൈവരിച്ചത്. ബില്‍ ഗേറ്റ്സ് 20 ശതകോടി ഡോളര്‍ ‘ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്’ സംഭാവന ചെയ്തതോടെയാണ് 115.5 ശതകോടി ഡോളര്‍ ആസ്തിയുള്ള് ഗൗതം അദാനി ഫോബ്സ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയത്. ഇസ്രയേലിലെ ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ അദാനി ഗ്രൂപ്പ് നേടിയതിന് പിന്നാലെയാണ് ഫോബ്സ് പട്ടികയിലെ മാറ്റം.
അതേസമയം, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ലുയീ വുട്ടോണ്‍ സഹസ്ഥാപകന്‍ ബെര്‍ണാര്‍ഡ് ആര്‍ണോള്‍ട്ട്, ടെസ്ലയുടെ ഇലോണ്‍ മസ്ക്ക് എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ജൂലൈ 14നാണ് ‘ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന’ 20 ശതകോടി ഡോളര്‍ സംഭാവന നല്‍കുന്നതായി ബില്‍ ഗേറ്റ്സ് പ്രഖ്യാപിച്ചത്. കൊവിഡ്-19, യുക്രെയ്നിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതിസന്ധി കാലഘട്ടത്തില്‍ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ട് വരണമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. ഭാവിയില്‍ തന്റെ സമ്പത്ത് മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി സംഭാവന നല്‍കുമെന്നും ബില്‍ ഗേറ്റ്സ് വ്ളോഗിലൂടെ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ‘ബില്‍ ആന്റ് ഗേറ്റ്സ് ഫൗണ്ടേഷന്’, 2026-ഓടെ ഓരോ വര്‍ഷവും അതിന്റെ പ്രതിവര്‍ഷ സംഭാവന ഉയര്‍ത്താനാണ് തീരുമാനം.
Discussion about this post