തിരുവനന്തപുരം: സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. വക്താവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയതെന്തിനാണെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിട്ടില്ല. അത് പാർട്ടിക്കുള്ളിൽ മാത്രം നിലനിൽക്കുന്ന വിഷയമാണെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചത്.
കോട്ടയത്ത് നടന്ന നേതൃയോഗത്തിന് ശേഷമാണ് സുരേന്ദ്രൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇക്കാര്യത്തിൽ മറ്റ് വിശദീകരണങ്ങളൊന്നും ഇല്ലെന്നും ഔദ്യോഗിക തീരുമാനം മാദ്ധ്യമങ്ങളെ അറിയിക്കുന്നു എന്നും മാത്രമാണ് അദ്ദേഹം പറഞ്ഞത്.












