സിഡ്‌നി: ടി 20 ലോകകപ്പിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്‌ക്കെതിരെ പീഡനക്കേസ്. താരത്തെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്ത് സിഡ്‌നി സിറ്റി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നവംബർ രണ്ടിനാണ് സംഭവം നടന്നത്. റോസ്‌ബേയിലെ വീട്ടിൽ 29 കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ലൈംഗിക പീഡനക്കേസുകൾ അന്വേഷിക്കുന്ന പ്രത്യേക ക്രൈം സ്‌ക്വാഡും പോലീസും അന്വേഷണം നടത്തിയ ശേഷമാണ് ധനുഷ്‌കയെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. ദിവസങ്ങളായി ചാറ്റ് ചെയ്ത പരിചയമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെന്നും സിഡ്‌നി പോലീസ് പറയുന്നു.
ലോകകപ്പിൽ നിന്ന് പുറത്തായ ലങ്കൻ ടീം ധനുഷ്‌ക ഗുണതിലകയെ കൂടാതെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിനോട് തോറ്റതോടെ ടൂർണമെന്റിൽ നിന്ന് ശ്രീലങ്ക പുറത്തായിരുന്നു.
നമീബിയയ്‌ക്കെതിരായ ഓപ്പണിംഗ് മത്സരത്തിൽ മാത്രമാണ് ധനുഷ്‌ക ഗുണതിലക ഇറങ്ങിയത്. ഈ മത്സരത്തിൽ റണ്ണൊന്നും എടുക്കാതെ പുറത്താകുകയും ചെയ്തു. പിന്നീട് പരിക്കിന്റെ പേരിൽ താരത്തെ ഒഴിവാക്കിയിരുന്നു.











