വാരണാസി: ദേവ് ദീപാവലി ദിനത്തിൽ ദീപാലംകൃതമായി കാശി. ലക്ഷക്കണക്കിന് ദീപങ്ങളാണ് ദേവ് ദീപാവലി സന്ധ്യയിൽ കാശിയിൽ തെളിഞ്ഞത്. ദീപക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുവെച്ചു.

ദേവ് ദീപാവലി ഏറെ പ്രത്യേകത ഉളളതാണെന്നും പ്രത്യേകിച്ച് കാശിയിലെ ദേവ് ദീപാവലി കൂടുതൽ മനസിൽ തങ്ങിനിൽക്കുന്നതാണെന്നും പ്രധാനമന്ത്രി കുറിച്ചു.
നദീതീരത്ത് ചെരാതുകളിൽ ദീപം തെളിയിച്ചു വെച്ചിരിക്കുന്നതിന്റെയും കെട്ടിടങ്ങൾ വൈദ്യുത ദീപങ്ങളാൽ മനോഹരമാക്കിയതിന്റെയും ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.

ദീപാവലിക്ക് 14 ദിവസങ്ങൾക്ക് ശേഷം കാർത്തിക പൂർണിമയ്ക്ക് നടക്കുന്ന ഉത്സവമാണ് ദേവ് ദീപാവലി. വാരാണസിയിൽ ഇത് വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നുണ്ട്. ആയിരങ്ങളാണ് ഈ ദിവസം കാശിയിൽ സന്ദർശനം നടത്താനും സ്‌നാനത്തിനും ദീപം തെളിയിക്കാനും എത്തുന്നത്.










