തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച് നശിപ്പിച്ച കേസില്‍ സഹോദരനെതിരായി നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി പ്രശാന്ത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ തന്റെ സഹോദരന്‍ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്ന മൊഴി നല്‍കിയത് ക്രൈംബ്രാഞ്ചില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണെന്ന് കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് കോടതിയെ അറിയിച്ചു.
കേസില്‍ ആരോപണവിധേയനായ പ്രകാശ് കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. താനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടതെന്ന് മരിക്കുന്നതിന് മുമ്പ് പ്രകാശ് തന്നോട് പറഞ്ഞതായി പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പ്രശാന്ത് മാധ്യമങ്ങള്‍ക്ക് മുമ്പിലും വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ മുമ്പാണ് പ്രകാശ് ഇക്കാര്യം പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലമാണ് താന്‍ അങ്ങനെ മൊഴി നല്‍കിയതെന്ന് പ്രശാന്ത് കോടതിയില്‍ രഹസ്യമൊഴി നല്‍കി. ഇതോടെ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിക്കൂട്ടിലായി. പ്രശാന്ത് മൊഴി മാറ്റിയ സാഹചര്യം അറിയില്ലെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു.
2018 ഒക്ടോബര്‍ 27നാണ് കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമവും അവിടെ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളും ആരോ തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രകാശന്‍ മരിക്കുന്നത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രകാശനെ ആരോ മര്‍ദ്ദിച്ചതായുള്ള പരാതിയില്‍ മലയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രകാശന്റെ ആത്മഹത്യയ്ക്ക് ഇതുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള നിഗമനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് സഹോദരനായ പ്രശാന്തില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുക്കുന്നത്.
ശബരിമലയിലെ സ്ത്രീപ്രവേശനനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം നശിപ്പിക്കപ്പെട്ടത്.







