ഭുവനേശ്വർ : ഇന്ത്യയുടെ തദ്ദേശീയ വ്യോമപ്രതിരോധ സംവിധാനത്തിന് വലിയൊരു കുതിപ്പേകി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച ദീർഘദൂര പ്രതല-വ്യോമ മിസൈൽ ‘കുശ’യുടെ ആദ്യ വിക്ഷേപണ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് വ്യാഴാഴ്ച അതിവേഗ ആകാശ ലക്ഷ്യങ്ങളെ തകർത്തെറിഞ്ഞ് കുശ മിസൈൽ ചരിത്രനേട്ടം കുറിച്ചത്. റഷ്യയുടെ വിഖ്യാതമായ എസ്-400, അമേരിക്കയുടെ പാട്രിയറ്റ് തുടങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് സമാനമായി ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഈ മിസൈൽ പ്രതിരോധ കവചത്തിന്റെ വിജയം രാജ്യത്തിന്റെ സൈനിക കരുത്തിൽ നിർണ്ണായക വഴിത്തിരിവാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ലോകത്ത് വളരെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം കൈവശമുള്ള സാങ്കേതികവിദ്യ സ്വന്തമാക്കിയതോടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പൂർണ്ണമായി അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശത്രുക്കളുടെ യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, വലിയ നിരീക്ഷണ വിമാനങ്ങൾ, സ്റ്റെൽത്ത് വിമാനങ്ങൾ, ബാലസ്റ്റിക് മിസൈലുകൾ എന്നിവയെ വളരെ അകലെവെച്ച് തന്നെ കണ്ടെത്തി തകർക്കാൻ കുശ മിസൈൽ സംവിധാനത്തിന് ശേഷിയുണ്ട്. പ്രൊജക്റ്റ് കുശയുടെ ഭാഗമായി എം1, എം2, എം3 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലുള്ള ഇന്റർസെപ്റ്റർ മിസൈലുകളാണ് തയ്യാറാക്കുന്നത്. ഇവയ്ക്ക് യഥാക്രമം 150 കിലോമീറ്റർ, 250 കിലോമീറ്റർ, 400 കിലോമീറ്റർ എന്നിങ്ങനെ ദൂരപരിധിയുള്ളതിനാൽ വ്യത്യസ്ത അകലങ്ങളിലുള്ള ഭീഷണികളെ കൃത്യമായി നേരിടാൻ സാധിക്കും. ശബ്ദത്തേക്കാൾ ഏകദേശം 5.5 മടങ്ങ് വേഗതയിൽ (മാക് 5.5) കുതിക്കുന്ന ഈ മിസൈലുകളിൽ അത്യാധുനിക റേഡാറുകളും ഫയർ കൺട്രോൾ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെയും ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെയും പങ്കാളിത്തത്തോടെ ഡിആർഡിഒ വികസിപ്പിക്കുന്ന ഈ സംവിധാനം ഇന്ത്യൻ വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റവുമായി തത്സമയം ബന്ധിപ്പിക്കപ്പെടും. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ സ്വയം കണ്ടെത്തി മുൻഗണനാക്രമത്തിൽ തകർക്കാൻ കുശ മിസൈൽ ബാറ്ററികൾക്ക് കഴിയും. 2028 നും 2030 നും ഇടയിൽ സൈന്യത്തിന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്ന കുശ, ഇന്ത്യയുടെ ഭാവി വ്യോമരോധ ശൃംഖലയായ ‘മിഷൻ സുദർശൻ ചക്ര’യുടെ പ്രധാന നട്ടെല്ലായി മാറും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ വൻ വിജയമായി കണക്കാക്കപ്പെടുന്ന ഈ നേട്ടത്തിലൂടെ അതിർത്തികളിൽ വലിയ സുരക്ഷാ കവചമാണ് രാജ്യം തീർക്കുന്നത്.








