പ്രതിഫല വിവാദത്തില്‍ വാദപ്രതിവാദങ്ങള്‍ മുറുകമ്പോള്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ പാട്ടുകള്‍ ചെയ്തു നല്‍കുന്നതിന് മുമ്പ് മുഴുവന്‍ പ്രതിഫലവും ഉണ്ണി മുകുന്ദന്‍ തനിക്ക് നല്‍കിയതായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് നടന്‍ ബാല അടുത്തിടെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടനുള്‍പ്പെടെയുള്ളവര്‍ക്ക് വേതനം നല്‍കിയതിന്റെ രേഖകള്‍ എണ്ണിപ്പറഞ്ഞ് ഉണ്ണി മുകുന്ദനും മാധ്യമങ്ങള്‍ക്കു മുന്നിലെത്തുകയുണ്ടായി. സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതോടെ ഏതാനു മാധ്യമങ്ങള്‍ പ്രതിഫലം ലഭിച്ചോ എന്ന ചോദ്യവുമായി ഷാന്‍ റഹ്മാനെ സമീപിച്ചതാണ് ഇത്തരമൊരു ഫേസ്ബുക്ക് കുറിപ്പിന് ആധാരം.
ചിത്രത്തിലെ പാട്ടുകള്‍ ചെയ്ത് നല്‍കും മുമ്പായി മുഴുവന്‍ പ്രതിഫലവും ലഭിച്ചെന്നു പറഞ്ഞ ഷാന്‍, ഉണ്ണി മുകുന്ദന്‍ അടുത്ത സുഹൃത്താണെങ്കിലും വേതന കാര്യത്തില്‍ വളരെ പ്രൊഫഷണലാണെന്നു കൂടി സൂചിപ്പിക്കുകയുണ്ടായി. പാട്ട് ചിട്ടപ്പെടുത്തിയ വേളകള്‍ ഏറെ രസകരമായിരുന്നു. ഒപ്പമുള്ളവരെല്ലാം വളരെ പ്രഫഷണലുകളായിരുന്നുവെന്നും ഷാന്‍ കുറിച്ചിട്ടുണ്ട്.
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസാണ്.








