ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, നിരവധി സന്ന്യാസിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഗുജറാത്തിലെ പുതിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിയായ ഭൂപേന്ദ്ര പട്ടേലിനൊപ്പം 25 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആകെയുള്ള 182 സീറ്റുകളില്‍ 156 സീറ്റുകളിലും വിജയം എന്ന അത്യപൂര്‍വ്വ നേട്ടമാണ് ബിജെപി സംസ്ഥാനത്ത് നേടിയിരിക്കുന്നത്. 53 ശതമാനം വോട്ട് വിഹിതമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സഖ്യകക്ഷികളും സത്യപ്രജിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിണ്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നീ മുഖ്യമന്ത്രിമാരാണ് ചടങ്ങിനായി ഗുജറാത്തില്‍ എത്തിയിരിക്കുന്നത്. ഇവരെ കൂടാതെ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, മുതിര്‍ന്ന ബിജെപി നേതാക്കളായ ബി എല്‍ സന്തോഷ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളികളായ എംപിമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
മൂന്ന് വലിയ വേദികളാണ് സത്യപ്രതിജ്ഞ ചടങ്ങിനായി സജ്ജീകരിച്ചത്. നടുക്കുള്ള വേദി ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടിയും വലതുവശത്തെ പ്രധാനവേദിയില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള വിവിഐപിമാര്‍ക്കും വേണ്ടി സജ്ജീകരിച്ചു. ഇടതുവശത്തുള്ള വേദി പ്രത്യേക ക്ഷണിതാക്കളായ, സംസ്ഥാനത്ത് നിന്നുള്ള ഇരുന്നൂറോളം സന്ന്യാസിമാര്‍ക്ക് വേണ്ടിയാണ് ഒരുക്കിയിരുന്നത്.








