ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം കുറിച്ച് ഇന്ത്യയുടെ വനിതാ ഡബിൾസ് സഖ്യമായ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ കരുത്തുറ്റ സഖ്യമായ ജിയാ ഫാൻ – ഴാങ് ഷു ഷിയാൻ ജോഡിയെ അട്ടിമറിച്ച് ഇന്ത്യൻ സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ പോരാട്ടത്തിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേർന്ന സഖ്യത്തിന്റെ അതിശക്തമായ തിരിച്ചുവരവ്.
മത്സരത്തിന്റെ തുടക്കത്തിൽ ചൈനീസ് സഖ്യം മേധാവിത്വം പുലർത്തിയതോടെ ആദ്യ സെറ്റ് 16-21 ന് ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാൽ രണ്ടാം സെറ്റിൽ മികച്ച ഏകോപനത്തോടെയും ആക്രമണാത്മക ഗെയിം പ്ലാനോടെയും തിരികെയെത്തിയ ട്രീസയും ഗായത്രിയും 21-15 ന് സെറ്റ് പിടിച്ച് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. നിർണ്ണായകമായ മൂന്നാം സെറ്റിൽ എതിരാളികൾക്ക് യാതൊരു അവസരവും നൽകാതെ 21-13 എന്ന സ്കോറിനാണ് ഇന്ത്യൻ ജോഡി വിജയം ഉറപ്പിച്ചത്. ചൈനീസ് എതിരാളികൾക്കെതിരെ ട്രീസ-ഗായത്രി സഖ്യത്തിന്റെ ആദ്യ ജയം കൂടിയാണിത്.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ വനിതാ ഡബിൾസിൽ മെഡൽ ഉറപ്പിക്കുന്ന അപൂർവ്വം ഇന്ത്യൻ ജോഡികളിലൊന്നായി മാറാനും ഈ ജയത്തോടെ ട്രീസക്കും ഗായത്രിക്ക് കഴിഞ്ഞു. സെമി ഫൈനലിൽ കടന്നതോടെ ഇന്ത്യക്ക് ടൂർണമെന്റിൽ ഒരു മെഡൽ ഉറപ്പായിട്ടുണ്ട്.











