ന്യൂഡെല്‍ഹി: ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ പൊട്ടിത്തെറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ കുറിച്ച് കോണ്‍ഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡി ഉന്നയിച്ച ചോദ്യം ധനമന്ത്രിയെ ചൊടിപ്പിച്ചു. രൂപയുടെ മൂല്യം ദിനംപ്രതി ദുര്‍ബലമായി ഡോളറിന് 83 രൂപയില്‍ എത്തിയത് സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നായിരുന്നു ധനമന്ത്രിയോടുള്ള ചോദ്യം. ഇതിനു മറുപടി പറഞ്ഞ നിര്‍മല സീതാരാമന് ഇന്ത്യയുടെ വളരുന്ന സമ്പദ്വ്യവസ്ഥയില് പാര്‍ലമെന്റിലെ ചിലര്‍ക്ക് അസൂയയുള്ളതായി ചൂണ്ടിക്കാട്ടി. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്, പക്ഷേ പ്രതിപക്ഷത്തിന് അതില്‍ പ്രശ്നമുള്ളതായി തോന്നുന്നു എന്ന് പറഞ്ഞ അവര്‍ എല്ലാവരും രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുകയാണ് വേണ്ടത്, എന്നാല്‍ ചിലര്‍ അത് തമാശയായി കാണുന്നുവെന്നും ചൂണ്ടിക്കാട്ടി രോഷാകുലയായി.
2013ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ ഒരു ട്വീറ്റ് ഉദ്ധരിച്ചുകൊണ്ട് റെഡ്ഡി വീണ്ടും ധനമന്ത്രിയുമായി പോരിനിറങ്ങി. മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ ലക്ഷ്യമിട്ട് അന്നത്തെ ധനമന്ത്രി ആയിരുന്ന പി ചിദംബരത്തിനെതിരെ മോദി നടത്തിയ പരാമര്‍ശമാണ് റെഡ്ഡി ചൂണ്ടിക്കാട്ടിയത്. ”ഇന്ന് രൂപ ഐസിയുവിലാണ്, എന്തിനാണ് തമിഴ് ജനത അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് അയക്കുന്നത്” എന്നായിരുന്നു മോദി കുറിച്ചത്. ഈ പ്രസ്താവന ചൂണ്ടിക്കാട്ടി ”രൂപ ഐസിയുവില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നു എന്നത് ഉറപ്പാക്കാന്‍ എന്തെങ്കിലും കര്മ്മപദ്ധതിയുണ്ടോ” എന്നും റെഡ്ഡി സീതാരാമനോട് ചോദിച്ചതോടെ വീണ്ടും സഭയില്‍ വാക്പോര് മുറുകി.
Discussion about this post