ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നുള്ള സ്ത്രീ നാലുകാലുകളുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സിക്കന്തര്‍ കാംപൂ സ്വദേശിനിയായ ആരതി കുശ്‌വാഹ എന്ന സ്ത്രീയുടെ കുഞ്ഞാണ് നാലു കാലുകളുമായി ജനിച്ച്മാതാപിതാക്കളെയും ആശുപത്രി അധികൃതരെയും വിസ്മയിപ്പിച്ചത്.. കമല രാജ ആശുപത്രിയിലെ വനിത, ശിശു വിഭാഗത്തില്‍ കഴിയുന്ന അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
2.3 കിലോഗ്രാം ആയിരുന്നു ജനിക്കുമ്പോള്‍ കുഞ്ഞിന്റെ തൂക്കം. ജനനശേഷം നാലുകാലുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും ഗ്വാളിയാറിലെ ജയാരോഗ്യ ആശുപത്രി ഗ്രൂപ്പ് സൂപ്രണ്ടും കുഞ്ഞിനെ പരിശോധിച്ചു. ജന്മനാ നാലുകാലുകള്‍ ഉള്ള കുട്ടിക്ക് ശാരീരിക വൈകല്യമുണ്ടെന്ന് സൂപ്രണ്ട് സ്ഥിരീകരിച്ചു. മെഡിക്കല്‍ സയന്‍സില്‍ ഇസ്‌കിയോപഗസ് എന്ന വിളിക്കുന്ന അവസ്ഥയാണിതെന്നും ഭ്രൂണം രണ്ടായി വിഭജിക്കപ്പെടുമ്പോള്‍ ശരീരം രണ്ടിടങ്ങളില്‍ വളരുന്ന സ്ഥിതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ പെണ്‍കുട്ടിയുടെ അരയ്ക്ക് താഴെയുള്ള ഭാഗത്ത് രണ്ട് കാലുകള്‍ അധികമായി വന്നു. എന്നാല്‍ ആ രണ്ട് കാലുകള്‍ നിഷ്‌ക്രിയമാണെന്നും സൂപ്രണ്ട് വിശദീകരിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചതിന് ശേഷം ശസ്ത്രക്രിയയിലൂടെ അധിക കാലുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മധ്യപ്രദേശിലെ രത്‌ലമില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഒരു സ്ത്രീ രണ്ട് തലകളും മൂന്ന് കൈകളും രണ്ട് കൈകളും ഉള്ള കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.








