വ്യക്തികളുടെ അനുവാദം ചോദിക്കാതെ അവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് കമ്പനികള്‍ക്കും ബ്രാന്ഡുകള്ക്കുമിടയില് പുതിയ കാര്യമല്ല. ചരിത്രകാരനും അറിയപ്പെടുന്ന എഴുത്തുകാരനുമായ മനു എസ് പിള്ളയ്ക്കും ഇപ്പോള്‍ അത്തരമൊരു അനുഭവം ഉണ്ടായിരിക്കുകയാണ്. അണ്‍അക്കാഡമിയുടെ പരസ്യത്തിലാണ് മനു എസ് പിള്ളയുടെ ഫോട്ടോ തെറ്റായി ഉപയോഗിച്ചിരിക്കുന്നത്. ഈ സംഭവം മനു തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
ലിങ്ക്ഡ്ഇന്നിന് ബദല്‍ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന അണ്‍അക്കാഡമി ഗ്രൂപ്പിന്റെ പുതിയ പ്രോഡക്ട് ആയ നെക്സ്റ്റ്ലെവലിന്റെ പരസ്യത്തിന് വേണ്ടിയാണ് മനുവിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. ഈ അമളി മനസിലാക്കാതെ അണ്‍അക്കാഡമി ഗ്രൂപ്പ് സ്ഥാപകനായ ഗൗരവ് മഞ്ജുള്‍ തന്നെ ഈ പരസ്യം ഷെയര്‍ ചെയ്തുവെന്നതാണ് മറ്റൊരു തമാശ. യോഗ്യതാ നിര്‍ണ്ണയം തകര്‍ന്നിരിക്കുകയാണെന്നും ഒരാളുടെ കഴിവ് നിര്ണ്ണയിക്കുന്നത്് ഇപ്പോഴും ഡിഗ്രിയും സര്‍ട്ടിഫിക്കറ്റുകളും ആണെന്നും കുറ്റപ്പെടുത്തുന്ന മഞ്ജുള്‍ 2000 കാലഘട്ടത്തിലെ ഉല്‍പ്പന്നമായ ലിങ്ക്ഡ്ഇന്‍ വിട്ട് നെക്സ്റ്റ് ലെവല്‍ എന്ന പുതിയ ഉല്‍പ്പന്നത്തിലേക്ക് മാറാന്‍ സമയമായി എന്ന അടിക്കുറിപ്പോടെയാണ് പരസ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയതത്.
ഇതേ പരസ്യം തന്നെ മനുവും ഷെയര്‍ ചെയ്തു. താന്‍ സാഗര്‍ ചൗഹാനാണെന്നാണ് ഇതില്‍ കാണുന്നതെന്നും സീനിയര്‍ ഫ്രണ്ട്എന്‍ഡ് എഞ്ചിനീയറാണെന്നും മനു ട്വിറ്ററില്‍ ഹാസ്യരൂപത്തില്‍ കുറിച്ചു. ഇതാദ്യമായല്ല സംഭവിക്കുന്നതെന്നും എല്ലാതരത്തിലുമുള്ള പരസ്യങ്ങള്‍ക്കും വേണ്ടി മാറ്റിമറിക്കാവുന്ന രീതിയിലുള്ള ഒരു മുഖമാണ് ഉള്ളതെന്നും മനു ട്വിറ്ററില്‍ എഴുതി. ദുരിന എന്ന മറ്റൊരു വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥിയായി ചിത്രീകരിച്ചുള്ള മറ്റൊരു പരസ്യവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post