ദോഹ: മൊറോക്കോയ്ക്കെതിരെ തകർപ്പൻ ജയം നേടി ക്രൊയേഷ്യ ഖത്തർ ലോകകപ്പിൽ മൂന്നാം സ്ഥാനത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോൾ നേടിയത്. അച്രാഫ് ദാരിയാണ് മൊറോക്കോയുടെ ഏക ഗോൾ സ്കോറർ.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മയെർ എടുത്ത ഫ്രീകിക്ക് പെരിസിച്ചിലൂടെ ഗ്വാർഡിയോളിലേക്ക് എത്തുകയായിരുന്നു. ഗ്വാർഡിയോളിന്റെ പിഴയ്ക്കാത്ത ഹെഡർ മൊറോക്കോയുടെ വല തുളച്ചു. ഒൻപതാം മിനിറ്റിൽ സിയെച്ച് എടുത്ത ഫ്രീകിക്ക് ഹെഡറിലൂടെ ദാരി ഗോളാക്കിയതോടെ, മൊറോക്കോ സമനില പിടിച്ചു.
നാൽപ്പത്തിരണ്ടാം മിനിറ്റിൽ തകർപ്പൻ വലങ്കാലൻ ഷോട്ടിലൂടെ മിസ്ലാവ് ഓർസിച്ച് ക്രൊയേഷ്യയുടെ രണ്ടാം ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഗോൾ നേടാൻ മൊറോക്കോ നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായതോടെ, ഖത്തറിൽ നിന്നും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും ആരവങ്ങളോടെ മടക്കം.












