കോഴിക്കോട്: കേരളക്കരയുടെ ഫുട്‌ബോള്‍ പ്രേമത്തില്‍ പുള്ളാവൂരിന്റെ പേരും ഗംഭീര കട്ടൗട്ടുകളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. ഇഷ്ടതാരങ്ങളുടെ പടുകൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ സ്ഥാപിച്ച് ലോകകപ്പ് ആവേശത്തില്‍ ആറാടിയ ആരാധകര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ അവ നീക്കം ചെയ്തു. മെസിയും നെയ്മറും ക്രിസ്റ്റിയാനോയുമെല്ലാം പുഴയില്‍ നിന്നും പുറത്തു കടന്നു.
അര്‍ജന്റീനയുടെ ആരാധകര്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ടാണ് പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചത്. ഇപ്പോഴിതാ അവസാനമായി പുഴയില്‍ നിന്നും നീക്കം ചെയ്തതും മിശിഹയെ തന്നെ. ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ ഉയര്‍ത്തിയ 30 അടി ഉയരത്തിലുള്ള മെസിയുടെ കട്ടൗട്ട്, അതേ ആവേശത്തോടെ, കപ്പ് നേടി തങ്ങളുടെ അഭിമാന താരമായതിന്റെ സന്തോഷം പങ്കിട്ട് രാജകീയമായി മടക്കയാത്രയാണ് നല്‍കിയിരിക്കുന്നത്.








