തിരുവനന്തപുരം: ബഫര്‍ സോണ്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് പുതിയ റിപ്പോര്‍ട്ട് അല്ലെന്നും 2020-21 ല്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഫര്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍വേ നടത്താനും, ആവശ്യമെങ്കില്‍ ഉപഗ്രഹ സര്‍വേ കൂടി നടത്തി മൂന്ന് മാസത്തിനുള്ളില്‍ വിവരം നല്‍കാനുമായിരുന്നു ജൂണ്‍ 3 ലെ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിധി വന്ന ശേഷം സമയം ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ സര്‍വേ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പഴയ സര്‍വേ റിപ്പോര്‍ട്ടാണ് കോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്നത്, ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. പുതിയ സര്‍വേയില്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ വിവരം എടുക്കണം. വീടുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം കണക്ക് കൃത്യമായി രേഖപ്പെടുത്തണം. ഇപ്രകാരം 90 ശതമാനമെങ്കിലും ശരിയായ റിപ്പോര്‍ട്ട് വേണം കോടതിയില്‍ സമര്‍പ്പിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയോട് സമയം കൂടുതല്‍ ആവശ്യപ്പെട്ട്, കൃത്യമായ സര്‍വേ നടത്താന്‍ സര്‍ക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.








