സോളാപ്പൂര്‍: സ്ത്രീ-പുരുഷ അനുപാതത്തിലെ വര്‍ധിച്ചു വരുന്ന അന്തരം മൂലം പെണ്ണ് കിട്ടാനില്ലെന്ന് ആരോപിച്ച് ചെക്കന്മാരുടെ കളക്ടറേറ്റ് മാര്‍ച്ച്. പെണ്‍ഭ്രൂണ ഹത്യ അവസാനിപ്പിക്കാന്‍ മതിയായ നടപടി കൈക്കൊണ്ട് സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെടുത്തണമെന്നും ബാച്ചിലേഴ്സ് മാര്‍ച്ച് സംഘടിപ്പിച്ചവര്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ സോളാപ്പൂരിലാണ് സംഭവം. വിവാഹ വേഷത്തില്‍ കുതിരപ്പുറത്ത് കയറി പെണ്ണ് കിട്ടാത്ത നിരവധി ചെക്കന്മാര് മാര്‍ച്ചില്‍ അണിനിരന്നു. ആളുകള്‍ ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാം എന്നാല്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സ്ത്രീ-പുരുഷ അനുപാതത്തിലെ അന്തരം മൂലം വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാനില്ല എന്നത് ഭീകരമായ യാഥാര്‍ത്ഥ്യമാണെന്ന് മാര്‍ച്ച് സംഘടിപ്പിച്ച ജ്യോതിക്രാന്തി പരിഷദിന്റെ സ്ഥാപകന്‍ ചൂണ്ടിക്കാട്ടി.
1000 പുരുഷന്മാര്ക്ക് 889 സ്ത്രീകള്‍ എന്നതാണ് മഹാരാഷ്ട്രയിലെ സ്ത്രീ-പുരുഷ അനുപാതം. പെണ്‍ഭ്രൂണഹത്യയ്ക്ക് എതിരെ മതിയായ നടപടി കൈക്കൊള്ളാത്തതാണ് ഈ അസമത്വത്തിന് കാരണമെന്നും സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍ഭ്രുണഹത്യ അവസാനിപ്പിക്കാന്‍ നിലവിലെ പിസിപിഎന്ഡി നിയമം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനവും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post