കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളും അവരുടെ കുടുംബവും നേരിട്ട വേദനയ്ക്കും അപമാനത്തിനും ആര് കണക്ക് പറയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഒരു തെളിവും ഇല്ലാത്ത കേസാണിതെന്ന് സിബിഐ കണ്ടെത്തിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ചാണ്ടിയോടും മറ്റ് നേതാക്കളോടും അവരുടെ കുടുംബത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമം ഇനി ആവര്‍ത്തിക്കരുത്. സോളാര്‍ കേസില്‍ പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പരാതി ഉന്നയിച്ച മറ്റൊരു പരാതിക്കാരിയുമുണ്ട്. ഇവരുടെ പരാതി എന്തുകൊണ്ട് സിബിഐയ്ക്ക് വിടുന്നില്ല. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നതെന്നും, കാലം സിപിഎമ്മിനോട് കണക്ക് ചോദിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യ വിരുദ്ധ ഏര്‍പ്പാടുകളുമായും സിപിഎമ്മിന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വി ഡി സതീശന്, അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പിബി അല്ലെന്നും ഇതൊന്നും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമല്ലെന്നും വ്യക്തമാക്കി.
Discussion about this post