മുംബൈ: സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി കത്രീന കൈഫ്- വിക്കി കൗശൽ താരദമ്പതികൾ. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു താര ദമ്പതികൾ ഒന്നിച്ച് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പുതു വർഷത്തിൽ ഇരുവരും പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായാണ് ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. വിക്കി കൗശലിന്റെ മാതാവ് വീണ കൗശലും ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നു. ഗണപതി ഭഗവാന് മധുരം നേദിച്ച ഇവർ പ്രത്യേക പൂജകളിലും പങ്കെടുത്തു. അധികൃതരോട് ക്ഷേത്രത്തിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു കുടുംബം മടങ്ങിയത്.
പച്ച സൽവാർ സ്യൂട്ട് അണിഞ്ഞായിരുന്നു കത്രീന കൈഫ് ക്ഷേത്രത്തിൽ എത്തിയത്. തല ദുപ്പട്ടകൊണ്ട് മറച്ച് പരമ്പരാഗത ശൈലിയിൽ ആയിരുന്നു ക്ഷേത്ര ദർശനം. വെള്ള ഷർട്ടായിരുന്നു വിക്കി കൗശൽ ധരിച്ചിരുന്നത്.
നേരത്തെ കർവ ചൗത്ത് ആഘോഷിക്കുന്ന താര ദമ്പതികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും, ഹിന്ദു ആചാരങ്ങൾ കൃത്യമായി പാലിക്കുന്നതിന് വലിയ പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രങ്ങൾക്ക് താഴെയും ആശംസിച്ചും പ്രശംസിച്ചും നിരവധി പേരാണ് കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.










