ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ) യോഗത്തിൽ ജമ്മു കശ്മീരിനെക്കുറിച്ച് പരാമർശിച്ചുകൊണ്ടുള്ള പ്രമേയം ഇന്ത്യ ശക്തമായി തള്ളി. പാകിസ്ഥാൻ സ്വന്തം സങ്കുചിത താൽപ്പര്യങ്ങൾക്കായി ഈ അന്താരാഷ്ട്ര വേദിയെ ദുരുപയോഗം ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഒ.ഐ.സി ഉന്നയിച്ച ഇന്ത്യക്കെതിരെയുള്ള പരാമർശങ്ങൾ തികച്ചും അടിസ്ഥാനരഹിതവും പക്ഷപാതപരവുമാണെന്ന് ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കി.
ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അഭിവാജ്യ ഘടകങ്ങളാണെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഒ.ഐ.സിക്ക് യാതൊരു അധികാരവുമില്ലെന്നും ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിൽ വലിയ തോതിലുള്ള വികസനവും ടൂറിസത്തിൽ വളർച്ചയുമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ പാക് അധീന കശ്മീരിൽ ജനങ്ങൾക്ക് നേരെ കടുത്ത അതിക്രമങ്ങളും അടിച്ചമർത്തലുകളുമാണ് നടക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.
സ്വന്തം രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും പരാജയങ്ങളും മറച്ചുവെക്കാനുള്ള പാകിസ്ഥാന്റെ വെപ്രാളമാണ് ഇത്തരം പ്രമേയങ്ങൾക്ക് പിന്നിലെന്ന് ഇന്ത്യ തുറന്നടിച്ചു. ന്യൂനപക്ഷ വേട്ടയാടലുകളും ഭരണ പരാജയങ്ങളും മൂടിവെക്കാൻ പാകിസ്ഥാൻ നടത്തുന്ന ഇത്തരം കുത്സിത നീക്കങ്ങൾ ഒ.ഐ.സിയുടെ തന്നെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നതെന്നും അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ തിരുത്തൽ വരുത്തുമെന്നും ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.








