ബീജിംഗ്: ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരത്തിലെ 90 ശതമാനം ആളുകളും കൊറോണ ബാധിതരാണെന്ന് റിപ്പോർട്ട്. ചൈനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹെനാൻ പ്രവിശ്യയിലെ ജനങ്ങളിലാണ് വ്യാപകമായ രീതിയിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജനുവരി 6 വരെയുള്ള കണക്കുകൾ പ്രകാരം ഹെനാനിലെ കൊറോണ നിരക്ക് 89 ശതമാനമാണ്. 99.4 ദശലക്ഷം ജനസംഖ്യയുള്ള ഹെനാനിൽ ഏകദേശം 88.5 ദശലക്ഷം ആളുകൾക്കും രോഗം ബാധിച്ചിട്ടുണ്ടാകാമെന്ന് സെൻട്രൽ ഹെനാനിലെ ആരോഗ്യ കമ്മീഷൻ ഡയറക്ടർ കാൻ ക്വാൻചെങ് പറഞ്ഞു. ഡിസംബർ 19ന് ശേഷം മേഖലയിലെ ക്ലിനിക്കുകളിലെല്ലാം അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നും കാൻ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം മുതൽ വിദേശ യാത്രക്കാർക്കുണ്ടായിരുന്ന വിലക്ക് ചൈന പൂർണ്ണമായും പിൻവലിച്ചിരുന്നു. രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിത്ത് വരുന്നതിനിടയിലാണ് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ രാജ്യാന്തര യാത്രക്കാരെ ചൈന അനുവദിച്ച് തുടങ്ങിയത്. ഈ മാസം അവസാനത്തോടെ ചൈനീസ് പുതുവത്സരം വരാനിരിക്കുകയാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു












