തഹ്രീകെ താലിബാൻ പാകിസ്താൻ (TTP), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാന്റെ അതിർത്തിക്കുള്ളിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ വ്യോമസേന. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിലെ പതാങ് മേഖലയിലാണ് പാക് പോർവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ബോംബാക്രമണം നടത്തിയത്. അക്രമത്തിൽ 28 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്താൻ വിവര സാങ്കേതിക മന്ത്രാലയം അവകാശപ്പെടുമ്പോൾ, മൂന്ന് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 18-ന് പാകിസ്ഥാനിലെ കൊഹാട്ടിൽ 16-ലധികം പേരുടെ മരണത്തിനിടയാക്കിയ അതിരൂക്ഷമായ ചാവേർ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ ഈ പ്രത്യാക്രമണം. തങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാൻ താലിബാൻ മണ്ണിൽ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് പാകിസ്താൻ നിരന്തരം ആരോപിച്ചിരുന്നു. എന്നാൽ അഫ്ഗാൻ വക്താവ് സെബിഹുല്ല മുജാഹിദ് ഈ ആരോപണങ്ങൾ തള്ളിക്കളയുകയും, പാകിസ്ഥാന്റെ നിയമവിരുദ്ധമായ കടന്നുകയറ്റത്തിന് ശക്തവും അനുയോജ്യവുമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധഭീതി രൂക്ഷമായിട്ടുണ്ട്.











