ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ഇളയ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. സമൂഹത്തെ സേവിക്കാൻ അദ്ദേഹം നടത്തിയ മഹത്തായ പരിശ്രമങ്ങൾ തലമുറകളോളം ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. യുഎഇയിലെ രാജകുടുംബത്തോടും ദുബായിലെ ജനങ്ങളോടും ഭാരതത്തിന്റെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, അഗമ്യമായ ഈ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും പങ്കുവെച്ചു. ഭാരതവും യുഎഇയും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധത്തിന്റെയും ഊഷ്മളമായ നയതന്ത്ര സൗഹൃദത്തിന്റെയും ഉദാഹരണമായി പ്രധാനമന്ത്രിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നു.
ദുബായ് പൊലീസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയർമാനായി ദീർഘകാലം സേവനമനുഷ്ഠിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും, തിങ്കളാഴ്ച രാവിലെയോടെയാണ് അന്തരിച്ചത്. കായിക മേഖലയിലും വ്യവസായ രംഗത്തും ദുബായുടെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖസൂചകമായി മേഖലയിലെമ്പാടും പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണ്.
വിദേശരാജ്യങ്ങളുമായും വിശേഷിച്ച് പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുമായും ഭാരതം നിലനിർത്തുന്ന സുദൃഢമായ പങ്കാളിത്തത്തിന് ഊന്നൽ നൽകുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ കൃത്യ സമയത്തുള്ള പ്രതികരണം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള പ്രമുഖരും വിയോഗത്തിൽ അനുശോചനം അറിയിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക-സാമ്പത്തിക ബന്ധത്തിന് എന്നും വലിയ പിന്തുണ നൽകിയ രാജകുടുംബത്തിലെ പ്രമുഖ അംഗത്തിന്റെ വിയോഗം ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിന്റെ പ്രാധാന്യത്തെ ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.








