ഗുവാഹട്ടി: അസമിൽ ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു. കരീംഗഞ്ച് സ്വദേശി സാംപു കൊയിരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി സലീമുദ്ദീനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബജ്രംഗ്ദളിന്റെ പരിശീലന ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത് . സാംപുവിനെ വഴിയിൽ തടഞ്ഞു നിർത്തിയ ശേഷം സലീമുദ്ദീൻ അടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്തുവീണ സാംപുവിനെ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ ആഞ്ഞ് കുത്തി. ഇതിന് ശേഷം തലയിലും മുഖത്തും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
നാട്ടുകാർ അക്രമം തടയാൻ ശ്രമിച്ചെങ്കിലും കത്തികാട്ടി സലീമുദ്ദീൻ ഭീഷണിപ്പെടുത്തി. സാംപു മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു സലീമുദ്ദിൻ അവിടെ നിന്നും ഓടി രക്ഷപ്പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
രക്ഷപ്പെട്ട സലീമുദ്ദീനെക്കുറിച്ച് ഇതുവരെ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ആഴ്ച ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും തമ്മിൽ സംഘർഷമുണ്ടായതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ഇത് സാംപു തന്നെ മുൻകയ്യെടുത്ത് പരിഹരിച്ചെന്നും നാട്ടുകാർ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്ത് എത്തി.












