ടോൾ പ്ലാസകളിൽ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകിടക്കുന്നതിന് അറുതി വരുത്താൻ വേണ്ടിയാണ് സർക്കാർ ഫാസ്ടാഗുകൾ പുറത്തിറക്കിയത്. പെട്ടെന്ന് ടോൾ അടച്ച് യാത്ര സുഗമമാക്കുക തന്നെയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ഫാസ്ടാഗുകളുടെ വരവിന് ശേഷവും ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ തിരക്കിന് ശമനമുണ്ടായില്ല. ഇതോടെ ടോൾ പ്ലാസകൾ തന്നെ നിർത്തലാക്കാം എന്ന തീരുമാനത്തിലാണ് സർക്കാർ എത്തിനിൽക്കുന്നത്.
പിന്നെ എങ്ങനെ ടോൾ അടയ്ക്കും എന്ന് നാം ചിന്തിക്കാം. ഇതിനായി പുതിയ ടോൾ കളക്ഷൻ സംവിധാനം തന്നെ സർക്കാർ പുറത്തിറക്കാനൊരുങ്ങുകയാണ്. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ(എഎൻപിആർ) എന്ന സംവിധാനമാണ് ടോൾ കളക്ഷന് വേണ്ടി പുറത്തിറക്കുന്നത്. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ, വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോയെടുക്കുകയും ഇതിലൂടെ വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്ന് നേരിട്ട് ഇടാക്കുകയും ചെയ്യും. എൻട്രിപോയിന്റിലും എക്സിറ്റ് പോയിന്റിലും ഇത്തരത്തിലുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടാകും.
ഇതിനായി പുതിയ വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകളിലും പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തും. പുതിയ വാഹനം പുറത്തിറക്കുന്നതോടൊപ്പം തന്നെ ജിപിഎസ് സംവിധാനമുള്ള നമ്പർ പ്ലേറ്റും അതിൽ ഘടിപ്പിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പഴയ വാഹനങ്ങളിലും പുതിയ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കും. ഈ നമ്പർ പ്ലേറ്റുകളുടെ സഹായത്തോടെയാണ് വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്ന് ടോൾ നേരിട്ട് ഇടാക്കുകയും ചെയ്യുക. ഇത് സമയവും ഇന്ധനവും ലാഭിക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ.
Discussion about this post