കുറച്ചുനാളുകളായി ഫേസ്ബുക്കിൽ പണ്ടത്തെ അത്ര റീച്ച് കിട്ടുന്നില്ല പരാതി ഉയർത്തുന്നവരാണ് അധികവും. ലൈക്കും കമന്റും വാരിക്കൂട്ടിയിരുന്ന പല പ്രൊഫൈലിലും ഇപ്പോൾ ആളനക്കമില്ല. ഫേസ്ബുക്ക് അൽഗോരിതം കാരണമാണ് ഇതെന്നാണ് കണ്ടെത്തൽ.
ഒരുപാട് ഘടകങ്ങൾ ചേർന്ന ഒന്നാണീ അൽഗോരിതം. ആർട്ടിഫിഷ്യൽ ഇന്റലജൻസിനെ ഉപയോഗപ്പെടുത്തിയാണ് ഏതൊക്കെ പോസ്റ്റ് ആരൊക്കെ കാണണം, കാണണ്ട എന്നൊക്കെ തീരുമാനിക്കുന്നത്. ആശ്ചര്യം തോന്നുന്നല്ലേ? സംഗതി സത്യമാണ്. ഈ നിർമ്മിത ബുദ്ധിയിലൂടെ സ്ഥിരമായി ഫേസ്ബുക്കിൽ എത്തുന്ന ആളുകൾ, ആക്ടിവിറ്റികളിൽ ഏർപ്പെടുന്നവർ, പോസ്റ്റിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾ, തുടങ്ങിയ പലവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പോസ്റ്റ് നമ്മളിലേക്കെത്തിക്കുന്നു.
ഇതിന് ഒരു പരിഹാരമെന്നോണം സാമൂഹ്യമാദ്ധ്യമങ്ങളിലെ ചിലർ കണ്ടെത്തിയ വഴിയാണ് കുത്തിടൽ. ഇത് ഇന്നും ഇന്നലെയും ഉണ്ടായ വഴിയല്ല. റീച്ച് കുറഞ്ഞ നാൾ മുതൽ അൽഗോരിതത്തെ പറ്റിക്കാൻ ഈ കുത്തിടൽ പരിപാടി ആരംഭിച്ചിട്ടുണ്ട്.
എന്റെ മുഖപുസ്തകത്തിലെ എന്റെ എഴുത്തും ,ഫോട്ടോകളും നിങ്ങൾക്ക് കാണാനും വായിക്കാനും ഇനി സാധിക്കണമെങ്കിൽ ഒരു കമന്റോ, അടയാളമായി നൽകിയാലേ
പുതിയ ഫേസ്ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന് നമുക്ക് പരസ്പരം ബന്ധപ്പെടാനും തുടർന്ന് സൗഹൃദം കാത്തു സൂക്ഷിക്കാനും സാധ്യമാകുകയുള്ളൂ. ഞാൻ ഫേസ്ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താൽ, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് കാണാനും വായിക്കാനും കഴിയുമായിരുന്നു , എന്നാൽ പുതിയ ഫേസ്ബുക്ക് നിയമങ്ങൾ അതിനെ തടഞ്ഞിരിക്കുന്നു … നിങ്ങളുടെ ന്യൂസ് ഫീഡിൽ ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണാനാകൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം. ഇങ്ങനെ തുടരുന്നു അൽഗോരിതത്തെ തോൽപ്പിക്കാനുള്ള ക്യാമ്പയിൻ.
എന്നാലീ കുത്തിടൽ കൊണ്ട് വലിയ കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അത് കൊണ്ടൊന്നും നമ്മുടെ പോസ്റ്റ് സുഹൃത്തുക്കളിലേക്ക് എത്തില്ല. സ്ഥിരം ചാറ്റ് ചെയ്യുന്ന, ലൈക്കും കമന്റും ചെയ്യുന്ന സുഹൃത്തുണ്ടെങ്കിൽ സ്വാഭാവികമായി പോസ്റ്റെത്തും. മറ്റൊന്ന് ഫേസ്ബുക്കിലെ നമ്മുടെ സെർച്ചുകൾ, ആക്ടിവിറ്റികളുടെ രീതികൾ, എപ്പോഴാണ് അവസാനമായി പോസ്റ്റിട്ടത്, എവിടെ വച്ചാണ്, എപ്പോഴൊക്കെ ഫേസ്ബുക്ക് ഓപ്പൺ ചെയ്യാറുണ്ട്, ഇന്റർനെറ്റ് കണക്ഷന്റെ വേഗത തുടങ്ങിയവയും റീച്ചിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണിപ്പോൾ.
അതായത് കൂടുതലായും രാഷ്ട്രീയത്തെ കുറിച്ച് സെർച്ച് ചെയ്താൽ അത്തരം പോസ്റ്റുകൾ കൂടുതലായി വരും. കുത്തിന് വല്യ കാര്യമൊന്നുമില്ലെന്ന് സാരം. പിന്നെ ഒരു സമാധാനത്തിനും ഫേസ്ബുക്ക് അക്കൗണ്ട് ഒന്ന് ആക്ടവീക്കാനും ഈ കുത്തിടൽ സഹായിക്കും.
Discussion about this post