കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. സ്വർണ മിശ്രിതം 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വച്ച് കടത്താനായിരുന്നു ശ്രമം. മഞ്ചേരി തുവ്വൂർ പാലക്കാവേ സ്വദേശി കാവന്നയിൽ അഷറഫ് (54) ആണ് പിടിയിലായത്.
55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളിൽ നിന്ന് പിടികൂടിയത്. ജിദ്ദയിൽ നിന്നും റിയാദ് വഴിയാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് വ്യക്തമാക്കി.












