വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ ഗംഗാതീരത്ത് സഞ്ചാരികൾക്കായി സ്ഥാപിച്ച ടെന്റ് സിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജലസവാരി ഒരുക്കുന്ന ആഡംബര കപ്പലായ എംവി ഗംഗാ വിലാസ് ക്രൂയിസിനൊപ്പമാണ് പ്രധാനമന്ത്രി ടെന്റ് സിറ്റിയുടേയും ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ചടങ്ങ്.
എന്താണ് ടെന്റ് സിറ്റി
രാംനഗറിന് സമീപത്തായി വാരണാസിയിലെ ഘാട്ടുകൾക്ക് എതിർവശത്തായി 100 ഹെക്ടർ സ്ഥലത്തായിട്ടാണ് ടെന്റ് സിറ്റി നിർമ്മിച്ചിരിക്കുന്നത്. ഫൈവ് സ്റ്റാർ താമസ സൗകര്യമാണ് ഇവിടെ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ജയ്സാൽമീറിലേയും റാൻ ഓഫ് കച്ചിലേയും മണൽത്തിട്ടകളുടെ മാതൃകയിലാണ് ഇവയുടെ നിർമാണം. ടെന്റ് സിറ്റിയെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നതെന്ന് വാരണാസി ഡെവലപ്മെന്റ് അതോറിറ്റി അധികൃതർ പറഞ്ഞു. ഗംഗാ ദർശൻ വില്ലകൾ, പ്രീമിയം ടെന്റുകൾ, അൾട്രാ ലക്ഷ്വറി ടെന്റുകൾ എന്നിവയാണത്. ടെന്റുകളിൽ താമസിക്കാൻ എത്തുന്നവർക്ക് കാശി വിശ്വനാഥ് ധാമും, പ്രദേശത്തെ മറ്റ് പ്രധാന കേന്ദ്രങ്ങളും സന്ദർശിക്കാനുള്ള സൗകര്യവും ടെന്റ് സിറ്റി അധികൃതർ ഒരുക്കും.
600 കോട്ടേജുകളാണ് ടെന്റ് സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. ഇവിടേക്കുള്ള ബുക്കിംഗും ഇപ്പോൾ ആരംഭിച്ച് കഴിഞ്ഞു. വിനോദസഞ്ചാരികൾക്ക് ഗംഗാ ആരതി കാണാനും പങ്കെടുക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണമായും എയർകണ്ടീഷൻ ചെയ്ത കോട്ടേജുകളാണ് എല്ലാം. അത്യാധുനിക സൗകര്യങ്ങളാണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.
500 ചതുരശ്ര അടിയിലാണ് പ്രീമിയം, സൂപ്പർ ഡീലക്‌സ് ടെന്റുകൾ ഉള്ളത്. യഥാക്രമം 14,000, 12,000 എന്നിങ്ങനെയാണ് ഇവയുടെ പ്രതിദിന വാടക. ഓരോ കോട്ടേജിലും ഹാൾ ഉൾപ്പെടെയുളള സൗകര്യങ്ങളുണ്ട്. മുറികളിൽ കിംഗ് സൈസ് ബെഡ്, രാജ്വാഡി സോഫാ സെറ്റ്, ഡൈനിംഗ് ടേബിൾ, ഡ്രസ്സിംഗ്- സ്റ്റഡി ടേബിളുകൾ, മിനി ഫ്രിഡ്ജ്, ടിവി, റൂം ഹീറ്റർ, ലോക്കറുകൾ തുടങ്ങിയവയും ഉണ്ടാകും. അതേസമയം ടെന്റ് സിറ്റിയിൽ മദ്യവും മാംസാഹാരവും അനുവദനീയമല്ല. ഒക്ടോബർ മുതൽ ജൂൺ വരെ ടെന്റ് സിറ്റികൾ പ്രവർത്തന സജ്ജമായിരിക്കും. പിന്നീടുള്ള മൂന്ന് മാസം മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് അവ പൊളിച്ചു മാറ്റുകയും ചെയ്യും.









