ന്യൂഡൽഹി: മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിലെ കംപ്യൂട്ടർ സിബിഐ പിടിച്ചെടുത്തു. പരിശോധനയ്ക്ക് വേണ്ടിയാണ് നടപടിയെന്നാണ് സിബിഐ അറിയിക്കുന്നത്.
ശനിയാഴ്ചയാണ് കംപ്യൂട്ടർ പിടിച്ചെടുത്തത്. സിസോദിയയുടെ ഡൽഹി സെക്രട്ടറിയേറ്റിലെ ഓഫീസിൽ നിന്നാണ് കംപ്യൂട്ടർ അന്വേഷണ സംഘം എടുത്തുകൊണ്ടു പോയത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 91 അനുസരിച്ചാണ് നടപടിയെന്നും സിബിഐ വൃത്തങ്ങൾ വിശദീകരിച്ചു.
സിബിഐ വീണ്ടും തന്റെ ഓഫീസിലും വീട്ടിലും പരിശോധനയ്ക്ക് എത്തിയതായും എന്നാൽ അവർക്ക് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും മനീഷ് സിസോദിയ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ വിശദമായ പരിശോധന ആവശ്യമുളളതിനാൽ കംപ്യൂട്ടർ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.
പഞ്ചാബ് നാഷണൽ ബാങ്കിലെ സിസോദിയയുടെ ലോക്കറിൽ ഉൾപ്പെടെ കഴിഞ്ഞ ഓഗസ്റ്റിൽ സിബിഐ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട് 21 റെയ്ഡുകളാണ് സിബിഐ നടത്തിയത്. ഏഴ് സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡുകൾ.
കോവിഡ് മഹാമാരിക്കിടെയാണ് കെജ് രിവാൾ സർക്കാർ മദ്യനയം പാസാക്കിയത്. പുതിയ നയത്തിന്റെ മറവിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ലൈസൻസ് അനുവദിച്ചതായിട്ടാണ് ഉയർന്ന ആരോപണം. ക്രിമിനൽ ഗൂഢാലോചന, അക്കൗണ്ട് തിരിമറി, അഴിമതി തടയൽ നിയമം തുടങ്ങിയവ പ്രകാരം 15 പേർക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.










Discussion about this post